English [en]   العربية [ar]   български [bg]   Deutsch [de]   ελληνικά [el]   español [es]   فارسی [fa]   français [fr]   hrvatski [hr]   italiano [it]   日本語 [ja]   lietuvių [lt]   മലയാളം [ml]   Nederlands [nl]   polski [pl]   português do Brasil [pt-br]   română [ro]   русский [ru]   Shqip [sq]   தமிழ் [ta]   Türkçe [tr]   українська [uk]   简体中文 [zh-cn]  

For thirty years, the Free Software Foundation has been seen as a guiding light for the free software movement, fighting for user freedom.

Help keep our light burning brightly by donating to push us towards our goal of raising $450,000 by January 31st.

$450k
314 k so far

This translation may not reflect the changes made since 2011-09-20 in the English original. Please see the Translations README for information on maintaining translations of this article.

സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ആശയം ഓപ്പണ്‍ സോഴ്സ് വിട്ടുപോകുന്നതു് എന്തുകൊണ്ടു്

എഴുതിയതു്: റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍

സോഫ്റ്റ്‌വെയര്‍ “ഫ്രീ” ആണു് എന്നു ഞങ്ങള്‍ പറയുമ്പോള്‍ ഞങ്ങള്‍ ഉദ്ദേശിയ്ക്കുന്നതു് ആ സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കളുടെ അടിസ്ഥാന സ്വാതന്ത്ര്യത്തെ മാനിയ്ക്കുന്നു എന്നാണു്. അതായതു്, ആ പ്രയോഗത്തെ പ്രവര്‍ത്തിപ്പിയ്ക്കാനും, അതിനെ പറ്റി പഠിയ്ക്കാനും, അതില്‍ മാറ്റം വരുത്താനും, നവീകരിച്ചതോ അല്ലാത്തതോ ആയ പകര്‍പ്പുകള്‍ മറ്റുള്ളവര്‍ക്കു് വിതരണം ചെയ്യാനും ഉള്ള സ്വാതന്ത്ര്യം അതനുവദിക്കുന്നു. ഇതു് സ്വാതന്ത്ര്യത്തിന്റെ കാര്യമാണു് വിലയുടേതല്ല. അതായതു് “ഫ്രീ സ്പീച്ചു്” (സ്വതന്ത്ര ഭാഷണം)- ​എന്നതുപോലെ “ഫ്രീ ബിയര്‍ ” (സൌജന്യ ഭക്ഷണം)എന്നതുപോലെ അല്ല.

ഈ സ്വാതന്ത്ര്യങ്ങള്‍ വളരെ പ്രാധാന്യം അര്‍ഹിയ്ക്കുന്നതാണു്. വ്യക്തിഗതമായ കാരണങ്ങള്‍കൊണ്ടു് മാത്രമല്ല, മറിച്ചു്, പരസ്പര സഹകരണത്തിലൂടേയും പങ്കുവെയ്ക്കലിലൂടേയും, സാമൂഹിക ദൃഢത വളര്‍ത്താന്‍ സഹായിക്കുന്നു എന്നതുകൊണ്ടാ​ണു് ഇതു് അത്യന്താപേക്ഷിതമാകുന്നതു്. നമ്മുടെ ജീവിതചര്യകളും സംസ്കാരവും തന്നെ കൂടുതല്‍ ഡിജിറ്റല്‍വത്കരിയ്ക്കപ്പെടുമ്പോള്‍ ഇതു് കൂടുതല്‍ പ്രസക്തമാകുന്നു. ഡിജിറ്റല്‍ ശബ്ദങ്ങളും, ചിത്രങ്ങളും, സംസാരവും കൊണ്ടു് നിറയുന്ന ഈ ലോകത്തു് സോഫ്റ്റ്‌വെയറിന്റെ സ്വാതന്ത്ര്യം, മറ്റെല്ലാമേഖലകളിലുമുള്ള സ്വാതന്ത്ര്യത്തോടു് തുലനം ചെയ്യപ്പെടേണ്ടതാണു്.

ലോകജനതയില്‍ നൂറു ലക്ഷത്തോളം വരുന്ന ആള്‍ക്കാര്‍ ഇപ്പോള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിയ്ക്കുന്നു; സ്പെയിനിലേയും ഇന്ത്യയിലേയും പല ഭാഗങ്ങളിലെ(*നമ്മുടെ കൊച്ചു് കേരളത്തിലും!) വിദ്യാലയങ്ങളില്‍ എല്ലാ കുട്ടികളേയും സ്വതന്ത്ര പ്രവര്‍ത്തക സംവിധാനമായ ഗ്നു/ലിനക്സ് ഉപയോഗിയ്ക്കാനാണു് പഠിപ്പിയ്ക്കുന്നതു്. പക്ഷെ ഈ സോഫ്റ്റ്‌വെയറും, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമൂഹവും ഉണ്ടായതിനുപിന്നിലെ സന്മാര്‍ഗ്ഗികതയേ കുറിച്ചു് കൂടുതലാളുകളും കേട്ടിട്ടില്ല, എന്തെന്നാല്‍ ഈ സ്വാതന്ത്ര്യത്തേ കുറിച്ചു് അധികമൊന്നും പ്രദിപാദിയ്ക്കാത്ത “ഓപ്പണ്‍ സോഴ്സ് ” എന്ന ആശയത്തിന്റെ പേരിലാണു് ഇവ അധികവും അറിയപ്പെടുന്നതു്.

1983 മുതല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം, കമ്പ്യൂട്ടര്‍ ഉപയോക്താക്കളുടെ സ്വാതന്ത്ര്യത്തിനായി നിരന്തര സമരത്തിലേര്‍പ്പെട്ടിരിയ്ക്കുകയാണു്. ഉപയോക്താക്കളുടെ സ്വാതന്ത്ര്യത്തെ നിഷേധിയ്ക്കുന്ന പ്രവര്‍ത്തക സംവിധാനങ്ങള്‍ക്കു് പകരമായി, 1984-ല്‍ ഞങ്ങള്‍ ഗ്നു എന്ന സ്വതന്ത്ര പ്രവര്‍ത്തക സംവിധാനത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു. എണ്‍പതുകളോടെ ഗ്നുവിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളെല്ലാം തന്നെ ഞങ്ങള്‍ നിര്‍മ്മിച്ചു, കൂടാതെ ഗ്നു പൊതു സമ്മതപത്രം(GNU General Public License) എന്ന പേരില്‍ ഒരു സമ്മതപത്രവും നിര്‍മ്മിയ്ക്കുകയുണ്ടായി. ഒരു പ്രയോഗം ഉപയോഗിയ്ക്കുന്ന എല്ലാവരുടേയും സ്വാതന്ത്ര്യത്തെ സംരക്ഷിയ്ക്കാനായി പ്രത്യേകം വിഭാവനം ചെയ്തതായിരുന്നു അതു്.

സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ എല്ലാ ഉപയോക്താക്കളും, നിര്‍മ്മാതാക്കളും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ ലക്ഷ്യത്തോടു് അനുകൂലിച്ചില്ല. 1998-ല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമൂഹത്തിലെ ഒരു ഭാഗം പ്രവര്‍ത്തകര്‍ “ ഓപ്പണ്‍ സോഴ്സ് ” എന്ന പേരില്‍ സംഘടിച്ചു. “ഫ്രീ സോഫ്റ്റ്‌വെയര്”‍ എന്ന വാക്കിലെ ആശയകുഴപ്പമാണു് ഓപ്പണ്‍ സോഴ്സ് എന്ന വാക്കുണ്ടാവാനുള്ള ആദ്യ കാരണം. പക്ഷെ താമസ്സിയാതെ അതു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റേതില്‍ നിന്നും വ്യത്യസ്തമായ മറ്റൊരു ആശയത്തെ പിന്‍താങ്ങുന്നതായി.

“ഓപ്പണ്‍ സോഴ്സ് ” -ന്റെ ചില പ്രവര്‍ത്തകര്‍ ആദ്യം അതിനെ “ സ്വതന്ത്ര സോഫ്റ്റ്‌വെയറിനു് വാണിജ്യ രംഗത്തെ വിപണന ഉപാധി” ആയാണു് കണ്ടതു്. പൊതുവെ സാമൂഹിക ശരിതെറ്റുകളെ കൂറിച്ചു് അധികം കേള്‍ക്കാന്‍ ഇഷ്ടമില്ലാത്ത ബിസിനസ്സ് നടത്തിപ്പുകാരോടു്, ഇതിന്റെ പ്രായോഗിക ഗുണഗണങ്ങളേ പറ്റി പറയുന്ന പ്രചരണം. മറ്റു പ്രവര്‍ത്തകര്‍, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം ഉയര്‍ത്തുന്ന മൂല്യത്തിന്റേയും സന്മാര്‍ഗ്ഗികതയുടേയും വിഷയങ്ങളെ പാടെ നിഷേധിച്ചു. അവരുടെ കാഴ്ചപ്പാടെന്തായാലും “ഓപ്പണ്‍ സോഴ്സിനു” വേണ്ടി പ്രവര്‍ത്തിച്ചപ്പോള്‍ അവര്‍ ഈ മൂല്യങ്ങളേ കുറിച്ചു് പറയുകയോ വാദിയ്ക്കുകയോ ചെയ്തില്ല. പോകപ്പോകെ “ഓപ്പണ്‍ സോഴ്സ് ” എന്നാല്‍, ശക്തവും വിശ്വസ്തവും ആയ സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കുക തുടങ്ങിയ പ്രായോഗിക കാര്യങ്ങളേ കുറിച്ചു് മാത്രം പറയുന്നതായി. ഒട്ടുമിക്ക “ഓപ്പണ്‍ സോഴ്സ്” പ്രവര്‍ത്തകരും അങ്ങിനെയാണു് ചെയ്തതു്. അതുകൊണ്ടു് തന്നെ “ഓപ്പണ്‍ സോഴ്സ് ” അങ്ങിനെ ഒരു ആശയത്തെ പ്രതിനിധീകരിച്ചു.

ഏതാണ്ടു് എല്ലാ ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയറും സ്വതന്ത്ര സോഫ്റ്റ്‌വെയറാണു്. രണ്ടു് പദങ്ങളും ഏതാണ്ടു് ഒരേ ഗണത്തിലുള്ള സോഫ്റ്റ്‌വെയറിനെ കുറിച്ചാണു് പറയുന്നതും. പക്ഷെ അടിസ്ഥാനപരമായി വ്യത്യസ്തമായ ആശങ്ങളെ കുറിച്ചാണു് അവര്‍ പറയുന്നതു്. ഓപ്പണ്‍ സോഴ്സ് ഒരു നിര്‍മ്മാണ വ്യവസ്ഥയാണു്; സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഒരു സാമൂഹ്യ പ്രസ്ഥാനമാണു്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിനു്, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഒരു നൈതിക പ്രശ്നമാണു്, എന്തെന്നാല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രമെ ഉപയോക്താവിന്റെ സ്വാതന്ത്ര്യത്തെ മാനിയ്ക്കുന്നുള്ളു. ഇതില്‍ നിന്നും വ്യത്യസ്തമായി, പ്രായോഗികമായി എങ്ങിനെ “മെച്ചപ്പെട്ട” സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കാം ​​എന്ന ദിശയിലാണു് ഓപ്പണ്‍ സോഴ്സിന്റെ ആശയങ്ങള്‍. അതു് പ്രകാരം കുത്തക സോഫ്റ്റ്‌വെയര്‍, അപൂര്‍ണ്ണമായ ഒരു പരിഹാരമാണു്. പക്ഷെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം, സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയര്‍ ഒരു സാമൂഹിക പ്രശ്നമാണു്, അതുപയോഗിക്കുന്നതു് നിര്‍ത്തുന്നതോ, സ്വതന്ത്രമായ സോഫ്റ്റ്‌വെയറിലേയ്ക്കു് മാറുന്നതോ ആണു് അതിനു് പരിഹാരം.

“സ്വതന്ത്ര സോഫ്റ്റ്‌വെയര്‍”. “ഓപ്പണ്‍ സോഴ്സ്”. ഇവരണ്ടും ഒരേ സോഫ്റ്റ്‌വെയറിനെ പറ്റി പറയുന്നു. പിന്നെ ഏതു പേരുപയോഗിച്ചാലും കുഴപ്പമുണ്ടോ? ഉണ്ടു്. കാരണം, വ്യത്യസ്ത പേരുകള്‍ വ്യത്യസ്ത ആശയങ്ങളാണു് സംവേദനം ചെയ്യുന്നതു്. സ്വതന്ത്രമായ ഒരു സോഫ്റ്റ്‌വെയര്‍ ഏതു പേരിലായാലും ഇന്നു് നിങ്ങള്‍ക്കു് അതേ സ്വാതന്ത്ര്യങ്ങള്‍ തന്നെ നല്കുന്നു. പക്ഷെ സ്വാതന്ത്ര്യം എന്നന്നേയ്ക്കുമായി നിലനില്കുന്നതിനു്, ജനങ്ങളെ അവരുടെ സ്വാതന്ത്ര്യത്തെ പറ്റി ബോധാവാന്മാരാക്കേണ്ടതു് ആവശ്യമാണു്. അതിനായി സഹായിയ്ക്കാന്‍ നിങ്ങള്‍ക്കു താത്പര്യമുണ്ടെങ്കില്‍ “സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ” -നെ പറ്റി പറയേണ്ടതു് വളരെ പ്രധാനമാണു്.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരായ ‌ഞങ്ങള്‍ ഓപ്പണ്‍ സോഴ്സിനെ ശത്രുക്കളായി കാണുന്നില്ല; കുത്തക(സ്വതന്ത്രമല്ലാത്ത) സോഫ്റ്റ്‌വെയറുകളാണു് ഞങ്ങളുടെ ശത്രുക്കള്‍. പക്ഷെ ഞങ്ങള്‍ സ്വാതന്ത്ര്യത്തിനു വേണ്ടിയാണു് നിലകൊള്ളുന്നതു് എന്നു് ജനങ്ങളറിയാന്‍ ഞങ്ങള്‍ക്കു് താത്പര്യമുണ്ടു്. അതുകൊണ്ടു് തന്നെ ഞങ്ങളെ ഓപ്പണ്‍ സോഴ്സിന്റെ വക്താക്കളായി ചിത്രീകരിയ്ക്കുന്നതു് ഞങ്ങള്‍ക്കു് സ്വീകാര്യവുമല്ല.

“ഫ്രീ സോഫ്റ്റ്‌വെയര്‍ ”, “ഓപ്പണ്‍ സോഴ്സ് ” എന്നതിലെ തെറ്റിദ്ധാരണകള്‍

“ഫ്രീ സോഫ്റ്റ്‌വെയര്‍ ” എന്ന പദത്തെ തെറ്റായി വ്യാഖ്യാനിയ്ക്കപ്പെടാം എന്നൊരു പ്രശ്നമുണ്ടു്. “പൂജ്യം വിലയ്ക്കു ലഭിയ്ക്കുന്ന സോഫ്റ്റ്‌വെയര്‍” എന്ന ഉദ്ദേശിക്കാത്ത അര്‍ത്ഥവും, “ഉപയോക്താക്കളുടെ സ്വാതന്ത്ര്യത്തെ മാനിയ്ക്കുന്ന സോഫ്റ്റ്‌വെയര്‍ ” എന്ന ഉദ്ദേശിയ്ക്കുന്ന അര്‍ത്ഥവും അതിനു് ഒരു പോലെ ചേരും. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്നതിനു് നിര്‍വചനം കൊടുത്തും, “ഫ്രീ സ്പീച്ച്-നെ പറ്റി ചിന്തിയ്ക്കു ഫ്രീ ബിയറിനെ പറ്റിയല്ല ” തുടങ്ങിയ ലഘു വിശദീകരണങ്ങള്‍ ഉപയോഗിച്ചും ആണു് ആ പ്രശ്നത്തേ ഞങ്ങള്‍ നേരിട്ടതു്. പക്ഷെ അതൊരു കൃത്യമായ പരിഹാരമല്ല; പ്രശ്നത്തേ പൂര്‍ണ്ണമായി ഇല്ലാതാക്കാനും അതിനു് കഴിയില്ല. സംശയം വരുത്താത്ത കൃത്യമായ ഒരു പദം ഉപയോഗിയ്ക്കുന്നതു് എന്തുകൊ​ണ്ടും നല്ലതാണു്, അതുകൊണ്ടു് വേറേ പ്രശ്നമൊന്നുമില്ലെങ്കില്‍.

നിര്‍ഭാഗ്യവശാല്‍, ഇംഗ്ലീഷിലുള്ള മറ്റെല്ലാ പദങ്ങള്‍ക്കും അതിന്റേതായ പ്രശ്നങ്ങളുണ്ടു്. ജനങ്ങള്‍ നിര്‍ദ്ദേശിച്ച മറ്റു് പല പേരുകളും ഞങ്ങള്‍ പരിഗണിയ്ക്കുകയുണ്ടായി, പക്ഷെ അവയ്ക്കൊന്നും പേരുമാറ്റാന്‍ മാത്രമുള്ള കൃത്യതയുണ്ടായിരുന്നില്ല. (ഉദാഹരണത്തിനു്, ചില സന്ദര്‍ഭങ്ങളില്‍ ഫ്രഞ്ചി,സ്പാനീഷ് പദമായ “ലിബ്രെ” നന്നായി ഇണങ്ങും, പക്ഷെ ഇന്ത്യയിലുള്ളവര്‍ക്കു് ആ പദം മനസ്സിലാവില്ല) “ഫ്രീ സോഫ്റ്റ്‌വെയര്‍ ” ​​എന്നതിനു് പകരം നിര്‍ദ്ദേശിച്ച എല്ലാ വാക്കുകള്‍ക്കും ഒരു തരത്തില്‍ അല്ലെങ്കില്‍ വേറൊരു തരത്തിലുള്ള പ്രശ്നങ്ങളുണ്ടായിരുന്നു- അതില്‍ “ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയര്‍ ” എന്നതും ഉള്‍ക്കൊള്ളുന്നു.

ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയര്‍-എന്നതിന്റെ ആധികാരിക നിര്‍വചനം(ഓപ്പണ്‍ സോഴ്സ് ഇനിഷ്യേറ്റീവ് പ്രസിദ്ധീകരിച്ചതു്-ഇവിടെ ചേര്‍ക്കാന്‍ പറ്റുന്നതിലും വലുതാണതു്) സ്വതന്ത്ര സോഫ്റ്റ്‌വെയറിനു് ഞങ്ങള്‍ കൊടുത്ത നിബന്ധനകളില്‍ നിന്നു് ഉരുത്തിരിഞ്ഞതാണു്. പക്ഷെ അതു് രണ്ടും ഒന്നല്ല. ഓപ്പണ്‍ സോഴ്സിന്റെ നിര്‍വചനം ചില കാര്യങ്ങളില്‍ വിട്ടുവീഴ്ചചെയ്യുന്നു. അതുകൊണ്ടുതന്നെ സ്വീകരിക്കാനാവത്തതായി ഞങ്ങള്‍ കരുതുന്ന ചില സമ്മതപത്രങ്ങള്‍ അവര്‍ക്കു് സ്വീകാര്യമാണു്. കൂടാതെ, അവര്‍ സോഴ്സ്കോഡിന്റെ സമ്മതപത്രം മാത്രമാണു് പരിശോധിക്കുന്നതു്, എന്നാല്‍ ഞങ്ങളുടെ നിബന്ധനയില്‍, നിങ്ങള്‍ മാറ്റം വരുത്തിയ പ്രോഗ്രാം പ്രവര്‍ത്തിപ്പിക്കാന്‍, ഒരു ഉപകരണം സമ്മതിക്കുന്നുണ്ടോ എന്നുകൂടി പരിഗണിക്കും. എന്നിരുന്നാലും പ്രായോഗിക തലത്തില്‍ രണ്ടും ഏതാണ്ടു് ഒരുപോലെയാണു്.

എങ്കിലും, “നിങ്ങള്‍ക്കു് സോഴ്സ് കോഡ് വായിക്കാം ” എന്നാ​ണു് “ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയര്‍ ” എന്ന പദത്തിന്റെ ഒറ്റ നോട്ടത്തിലുള്ള വിശദീകരണം. കൂറേയേറെ പേര്‍ അങ്ങിനെ വിചാരിയ്ക്കാനും സാധ്യതയുണ്ടു്. പക്ഷെ ആ നിബന്ധന, സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെയോ ഓപ്പണ്‍ സോഴ്സിന്റേയോ ആധികാരിക വിശദീകരണത്തെ അപേക്ഷിച്ചു് വളരെ ശോഷിച്ചതാണു്. സ്വതന്ത്ര സോഫ്റ്റ്‌വെയറോ ഓപ്പണ്‍ സോഴ്സോ അല്ലാത്ത ഒട്ടേറെ പ്രയോഗങ്ങളും ആ നിബന്ധനയില്‍ പെടും.

“ഓപ്പണ്‍ സോഴ്സ് ” എന്ന പദത്തിനു് ഒറ്റ നോട്ടത്തിലുള്ള അര്‍ത്ഥം അതിന്റെ പ്രവര്‍ത്തകര്‍ ഉദ്ദേശിയ്ക്കുന്നതല്ല അതുകൊണ്ടു്, കൂടുതലാളുകളും തെറ്റിദ്ധരിയ്ക്കാന്‍ സാധ്യതയുണ്ടു്. നീല്‍ സ്റ്റെഫെന്‍സണ്‍ (Neal Stephenson)“ഓപ്പണ്‍ സോഴ്സിനെ ” നിര്‍വചിച്ചതു് ഇങ്ങനെ: “ലിനക്സ് “ഓപ്പണ്‍ സോഴ്സ് ” ആണു്, ലളിതമായി പറഞ്ഞാല്‍, ആര്‍ക്കുവേണമെങ്കിലും അതിന്റെ സോഴ്സ് കോഡിന്റെ പകര്‍പ്പു് ലഭിയ്ക്കും.” “ആധികാരിക ” നിര്‍വചനം നിഷേധിയ്ക്കാനും അതുമായി തര്‍ക്കിയ്ക്കാനും ഒന്നും അദ്ദേഹത്തിനു് ഉദ്ദേശമുണ്ടു് എന്നെനിയ്ക്കുതോന്നുന്നില്ല. ഇംഗ്ലീഷ് ഭാഷാപരമായിട്ടുള്ള ലളിതമായ അര്‍ത്ഥമാണു് അദ്ദേഹം പറഞ്ഞതു്. കന്‍സാസ് (Kansas)സംസ്ഥാനം അതുപോലെ ഒരു നിര്‍വചനം കൊടുത്തു: “ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയര്‍ ഉപയോഗിയ്ക്കു. സോഴ്സ് കോഡ്, സൌജന്യമായി പൊതുജനത്തിനു് ലഭിയ്ക്കുന്ന സോഫ്റ്റ്‌വെയര്‍ ആണു് ഓപ്പണ്‍ സോഴ്സ്, ആ കോഡ് എങ്ങിനെ ഉപയോഗിയ്ക്കണമെന്നതിനുള്ള നിഷകര്‍ഷതകള്‍ വ്യത്യസ്തപ്പെടാമെങ്കിലും.”

ന്യൂയോര്‍ക്ക് ട്ടൈംസ്-ല്‍ വന്ന ഒരു ലേഖനം ഈ പദത്തിന്റെ അര്‍ത്ഥം വളച്ചൊടിയ്ക്കുന്നതായിരുന്നു . കുത്തക സോഫ്റ്റ്‌വെയര്‍ നിര്‍മ്മാതാക്കള്‍ ദശാബ്ദങ്ങളായി ചെയ്തുകൊണ്ടിരിക്കുന്ന യൂസര്‍ ബീറ്റ ട്ടെസ്റ്റിങ്ങ്-നെ —കുറച്ചു ഉപയോക്താക്കള്‍ക്കു്, പരീക്ഷിയ്ക്കുന്നതിനായി, പ്രോഗ്രാമിന്റെ മുന്‍കൂട്ടിയുള്ള ഒരു പതിപ്പു് കൊടുത്തു് സ്വകാര്യമായി അഭിപ്രായം ആരായുന്ന രീതി— പരാമര്‍ശ്ശിക്കാനാണു്, ഈ പദം അതില്‍ ഉപയോഗിക്കുന്നതു്.

ഈ പ്രശ്നം നേരിടാന്‍, ഓപ്പണ്‍ സോഴ്സിന്റെ ആധികാരിക നിര്‍വചനത്തിലേയ്ക്കു് വിരല്‍ചൂണ്ടുക എന്ന മാര്‍ഗ്ഗമാണു് അതിന്റെ പ്രവര്‍ത്തകര്‍ ചെയ്തതു്. പക്ഷെ ആ തിരുത്തല്‍ ഞങ്ങള്‍ക്കു് ചെയ്യേണ്ട തിരുത്തലിന്റെ അത്ര ഫലവത്തല്ല. ഫ്രീ സോഫ്റ്റ്‌വെയര്‍ എന്ന പദത്തിനു് പ്രകൃത്യാ രണ്ടു് അര്‍ത്ഥം വരാം, അതിലൊന്നു്, നമ്മള്‍ ഉദ്ദേശിച്ച അര്‍ത്ഥമാണു്, അതായതു് ഫ്രീ സ്പീച്ചാണ്(സ്വതന്ത്ര ഭാഷണം) ഫ്രീ ബിയറല്ല (സൌജന്യ ഭക്ഷണം) എന്നു് മനസ്സിലായ ഒരാള്‍ക്കു് പിന്നെ തെറ്റില്ല. പക്ഷെ “ഓപ്പണ്‍ സോഴ്സ്” എന്ന പദത്തിനു് പ്രകൃത്യാ ഒറ്റ അര്‍ത്ഥമേയുള്ളു. അതു് അതിന്റെ പ്രവര്‍ത്തകര്‍ ഉദ്ദേശിയ്ക്കാത്തതാണു്. അതായതു് ഓപ്പണ്‍ സോഴ്സ് എന്നതിന്റെ ആധികാരിക നിര്‍വചനത്തെ വിശദീകരിയ്ക്കാന്‍ സംക്ഷിപ്തമായ ഒരു രൂപമില്ല. അതു് കൂടുതല്‍ ആശയകുഴപ്പത്തിലേയ്ക്കു് വഴിവയ്ക്കും.

“ ഓപ്പണ്‍ സോഴ്സ് ” എന്നാല്‍ “ഗ്നു പൊതു സമ്മതപത്രം ഉപയോഗിയ്ക്കാത്തതു്” എന്നതാണു് മറ്റൊരു തെറ്റിദ്ധാരണ. “ഫ്രീ സോഫ്റ്റ്‌വെയര്‍” എന്നാല്‍ “ഗ്നു സമ്മതപത്രം ഉപയോഗിയ്ക്കുന്നതു്” എന്ന തെറ്റിദ്ധാരണയുടെ തുടര്‍ച്ചയാണതു്. ഇവ രണ്ടും അബദ്ധമാണു്. ഗ്നു പൊതു സമ്മതപത്രം ഓപ്പണ്‍ സോഴ്സ് അംഗീകരിച്ച സമ്മതപത്രങ്ങളില്‍ ഒന്നാണെന്നതു തന്നെ കാരണം. കൂടാതെ മിക്ക ഓപ്പണ്‍ സോഴ്സ് സമ്മതപത്രങ്ങളും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമ്മതപത്രങ്ങളാണു്.

“ഓപ്പണ്‍ സോഴസ്” എന്ന പദം, മറ്റു പല പ്രവര്‍ത്തനങ്ങളിലും ചേര്‍ത്തു് അതിന്റെ അര്‍ത്ഥം കൂടുതല്‍ വലിച്ചുനീട്ടിയിട്ടുണ്ടു്. ഗവണ്‍മെന്റ്, വിദ്യാഭ്യാസം ശാസ്ത്രം തുടങ്ങിയ മേഖലകളില്‍ സോഴ്സ് കോഡ് എന്നോന്നില്ല, മാത്രമല്ല സോഫ്റ്റ്‌വെയര്‍ അനുമതിയുടെ നിഷ്കര്‍ഷതകള്‍ അവിടെ പ്രസക്തവുമല്ല. ഇത്തരം പ്രവൃത്തികളില്‍ പൊതുവായ കാര്യം, അവയെല്ലാം ഏതെങ്കിലും രീതിയില്‍ ആളുകളുടെ പങ്കാളിത്തം ക്ഷണിക്കുന്നു എന്നുമാത്രമാണു്. അവര്‍ ആ പദം വല്ലാതെ വളച്ചൊടിച്ചു് “പങ്കാളിത്തം” എന്ന അര്‍ത്ഥം മാത്രമാക്കി.

വ്യത്യസ്തമൂല്യങ്ങള്‍ ഒരേ നിഗമനത്തിലേയ്ക്കു് നയിയ്ക്കാം…എല്ലായിപ്പോഴുമില്ലെന്നു് മാത്രം

1960-കളിലെ ത്വാത്ത്വിക സംഘങ്ങള്‍ ഗ്രൂപ്പ്‌വഴക്കുകള്‍ക്കു് പേരുകേട്ടതായിരുന്നു: തന്ത്ര പരമായ അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ ചില സംഘടനകള്‍ തെറ്റിപ്പിരിഞ്ഞിരുന്നു. അടിസ്ഥാന ലക്ഷ്യങ്ങളിലും മൂല്യങ്ങളിലും വലിയ വ്യത്യാസമുണ്ടായിരുന്നില്ലെങ്കിലും അവര്‍ പരസ്പരം ശത്രുക്കളായി കരുതി. വലതു പക്ഷമാണു് ഇതില്‍ കൂടുതലും സ്രഷ്ടിച്ചതു്, കൂടാതെ ഇടതു പക്ഷക്കാരെ മുഴുവനായി കുറ്റപ്പെടുത്താനായി ഇതൊക്കെ ഉപയോഗിയ്ക്കുകയും ചെയ്തു.

ഞങ്ങള്‍ക്കു് ഓപ്പണ്‍ സോഴ്സിനോടുള്ള വിയോജിപ്പു് ഈ സംഘങ്ങളോടുപമിച്ചു് ചിലര്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തെ അവഹേളിയ്ക്കാന്‍ ശ്രമിയ്ക്കുന്നുണ്ടു്. അവര്‍ക്കുതു് തിരിച്ചാണുള്ളതു്. ഞങ്ങള്‍ക്കു് ഓപ്പണ്‍ സോഴ്സിനോടുള്ള എതിര്‍പ്പു് അടിസ്ഥാനപരമായ ലക്ഷ്യങ്ങളിലും മൂല്യങ്ങളിലുമാണു്, പക്ഷെ അവരുടേയും ഞങ്ങളുടേയും കാഴ്ചപ്പാടു് പലപ്പോഴും ഒരേ പ്രാവര്‍ത്തിക സ്വഭാവത്തിലേയ്ക്കു നയിയ്ക്കാറുണ്ടു് —സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നിര്‍മ്മാണം തുടങ്ങിയ കാര്യങ്ങളില്‍.

അതുകൊണ്ടു് തന്നെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകരും, ഓപ്പണ്‍ സോഴ്സ് പ്രവര്‍ത്തകരും സോഫ്റ്റ്‌വെയര്‍ നിര്‍മ്മാണം തുടങ്ങിയ പ്രായോഗിക സംരംഭങ്ങളില്‍ ഒരുമിച്ചു് പ്രവര്‍ത്തിയ്ക്കാറുണ്ടു്. ഇത്ര വ്യത്യസ്തമായ മൂല്യങ്ങളുള്ള വ്യത്യസ്ത ആള്‍ക്കാര്‍ ഒരേ സംരംഭങ്ങളില്‍ പ്രവര്‍ത്തിയ്ക്കാന്‍ പ്രചോദിതരാകാം എന്നതു് ശ്രദ്ധേയമാണു്. എന്നിരുന്നാലും അടിസ്ഥാനപരമായി വ്യത്യസ്തമായ ഈ കാഴ്ചപ്പാടുകള്‍ തികച്ചും വ്യത്യസ്തമായ ചെയ്തികളിലേയ്ക്കു് നയിയ്ക്കുന്ന സാഹചര്യങ്ങളുമുണ്ടു്.

ഉപയോക്താക്കള്‍ക്കു് സോഫ്റ്റ്‌വെയര്‍ മാറ്റം വരുത്താനും, വിതരണം ചെയ്യുവാനും പറ്റുമ്പോള്‍ സോഫ്റ്റ്‌വെയര്‍ കൂടുതല്‍ ശക്തവും വിശ്വസ്തവും ആകും എന്നതാണു് ഓപ്പണ്‍ സോഴ്സിന്റെ ആശയം. പക്ഷെ അതിനു് ഉറപ്പൊന്നുമില്ല. കുത്തക സോഫ്റ്റ്‌വെയര്‍ നിര്‍മ്മാതാക്കള്‍ സാമര്‍ത്ഥ്യം ഇല്ലാത്തവരാകണം എന്നില്ല. ചിലപ്പോള്‍ അവരും ശക്തവും വിശ്വസ്തവും ആയ പ്രയോഗങ്ങള്‍ ഉണ്ടാക്കാറുണ്ടു്, അവ ഉപയോക്താക്കളുടെ സ്വാതന്ത്ര്യത്തെ മാനിയ്ക്കുന്നില്ലെങ്കിലും. അതിനോടു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകരും ഓപ്പണ്‍ സോഴ്സ് പ്രവര്‍ത്തകരും വളരെ വ്യത്യസ്തമായായിരിക്കും പ്രതികരിയ്ക്കുക.

സ്വാതന്ത്ര്യത്തിന്റെ ആശയത്തില്‍ വിശ്വസിയ്ക്കാത്ത ഒരു പൂര്‍ണ്ണ ഓപ്പണ്‍ സോഴ്സ് പ്രവര്‍ത്തകന്‍ പറയുന്നതിങ്ങനെ ആയിരിയ്ക്കും: “ഞങ്ങളുടെ വികസന മാതൃക ഉപയോഗിയ്ക്കാതെ തന്നെ നന്നായി പ്രവര്‍ത്തിയ്ക്കുന്ന പ്രയോഗം നിങ്ങള്‍ നിര്‍മ്മിച്ചിരിയ്ക്കുന്നതില്‍ എനിയ്ക്കു് അത്ഭുതമുണ്ടു്, എനിക്കതിന്റെ ഒരു പകര്‍പ്പു് എങ്ങിനെ കിട്ടും?” ഈ നിലപാടു്, നമ്മുടെ സ്വാതന്ത്ര്യം എടുത്തുകളയാനായി ശ്രമിയ്ക്കുന്ന പദ്ധതികള്‍ക്കു് പ്രജോദനമാകും, അതു് നഷ്ടപ്പെടുന്നതിലേയ്ക്കും വഴിവെയ്ക്കും.

അതെ സമയം ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകന്‍ പറയുക: “നിങ്ങളുടെ പ്രയോഗം വളരെ ആകര്‍ഷണീയമാണു്, പക്ഷെ അതെന്റെ സ്വാതന്ത്ര്യത്തിന്റെ വിലയ്ക്കല്ല. അതുകൊണ്ടു് എനിയ്ക്കതുപയോഗിയ്ക്കാന്‍ പറ്റില്ല. പകരം അതിനൊരു സ്വതന്ത്രമായ പകരക്കാരനെ നിര്‍മ്മിയ്ക്കാനുള്ള സംരംഭത്തെ സഹായിയ്ക്കാന്‍ ഞാന്‍ തയ്യാറാണു്”എന്നാണു്. നമ്മുടെ സ്വാതന്ത്ര്യത്തെ നമ്മള്‍ മാനിയ്ക്കുന്നുണ്ടെങ്കില്‍, അതു് നിലനിര്‍ത്താനും പ്രതിരോധിയ്ക്കാനുമായി നമുക്കു് പ്രവര്‍ത്തിയ്ക്കാം.

ശക്തവും, വിശ്വസ്തവും ആയ സോഫ്റ്റ്‌വെയറും ദുഷിച്ചതാകാം

സോഫ്റ്റ്‌വെയര്‍ അതിന്റെ ഉപയോക്താവിനെ സേവിയ്ക്കാനായാണു് നിര്‍മ്മിച്ചതു് എന്ന ധാരണയിലാണു് അതു് ശക്തവും വിശ്വസ്തവും ആകണം എന്നു് അവര്‍ ആഗ്രഹിയ്ക്കുന്നതു്. സോഫ്റ്റ്‌വെയര്‍ കൂടുതല്‍ ശക്തവും വിശ്വസ്തവും ആണെങ്കില്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയിലുള്ള സേവനം അതു് ലഭ്യമാക്കുന്നു.

പക്ഷെ ഒരു സോഫ്റ്റ്‌വെയര്‍ അതിന്റെ ഉപയോക്താക്കളുടെ സ്വാതന്ത്ര്യത്തെ മാനിയ്ക്കുമ്പോള്‍ മാത്രമേ അതു് ഉപയോക്താക്കളെ സേവിയ്ക്കുകയാണെന്നു് പറയാന്‍ കഴിയു. ഉപയോക്താക്കളെ ചങ്ങലയ്ക്കിടാനായാണു് സോഫ്റ്റ്‌വെയര്‍ നിര്‍മ്മിച്ചതെങ്കിലോ?അപ്പോള്‍ കൂടുതല്‍ ശക്തമായ സോഫ്റ്റ്‌വെയര്‍ എന്നാല്‍ അതിന്റെ ചങ്ങലകള്‍ കൂടുതല്‍ ഞെരുക്കുന്നതാണെന്നും, വിശ്വസ്തം എന്നാല്‍ അതു് ഉഴിവാക്കാന്‍ കൂടുതല്‍ പ്രയാസമാണു് എന്നുമാണു്. ഉപയോക്താക്കളുടെ മേല്‍ ചാരപ്പണി ചെയ്യുക, അവരെ നിയന്ത്രിയ്ക്കുക, പിന്‍വാതിലുകള്‍ ചേര്‍ക്കുക, നിര്‍ബന്ധിത നവീകരണം നടത്തുക തുടങ്ങിയ ദുഷ്ടലാക്കോടെയുള്ള ഘടകങ്ങള്‍ കുത്തക സോഫ്റ്റ്‌വെയറില്‍ സാധാരണമാണു്, കൂടാതെ ചില ഓപ്പണ്‍സോഴ്സ് പ്രവര്‍ത്തകര്‍ക്കു്, ഓപ്പണ്‍ സോഴ്സ് പ്രോഗ്രാമുകളില്‍ ഇവ ചേര്‍ക്കണമെന്ന ആഗ്രഹവുമുണ്ടു്.

സിനിമാ, ശബ്ദരേഖാ വ്യവസായങ്ങളുടെ സമ്മര്‍ദ്ദത്തില്‍ ഉപയോക്താക്കളെ കൂടുതല്‍ കൂടുതല്‍ വിലക്കുന്ന രീതിയിലാണു് സോഫ്റ്റ്‌വെയറുകള്‍ നിര്‍മ്മിയ്ക്കപ്പെടുന്നതു്. ഈ ദുഷിച്ച ഘടകങ്ങളെ പൊതുവില്‍ പറയുന്നതു് ഡിജിറ്റല്‍ നിയന്ത്രണ നിര്‍വഹണം എന്നാണു്(Digital Restrictions Management[DRM]-see DefectiveByDesign.org) ഇതു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ലക്ഷ്യമാക്കുന്ന സ്വാതന്ത്ര്യത്തിനു് നേരെ വിപരീതമായ ആശയത്തോടെയുള്ളതാണു്. ആശയം മാത്രമല്ല: DRM-ന്റെ ലക്ഷ്യം തന്നെ, നിങ്ങളുടെ സ്വാതന്ത്ര്യം തകര്‍ക്കുക എന്നതായതു കൊണ്ടു്, DRM നടപ്പിലാക്കുന്ന സോഫ്റ്റ്‌വെയറുകള്‍ മാറ്റുക എന്നതു് പ്രയാസകരമോ, അസാധ്യമോ, അല്ലെങ്കില്‍ നിയമവിരുദ്ധമോ ആയ രീതിയിലാണു് അതിന്റെ നിര്‍മ്മാതാക്കള്‍ അതുണ്ടാക്കുന്നതു്.

എന്നിട്ടും ചില ഓപ്പണ്‍ സോഴ്സ് പ്രവര്‍ത്തകര്‍ “ ഓപ്പണ്‍ സോഴ്സ് DRM” മുന്നോട്ടു് വയ്ക്കുന്നു. നിഗൂഢവത്കരിച്ച മാധ്യമങ്ങളെ(encrypted media) നിങ്ങള്‍ ഉപയോഗിയ്ക്കുന്നതു് നിയന്ത്രിയ്ക്കാനുള്ള സോഫ്റ്റ്‌വെയറിന്റെ കോഡ് ഇവര്‍ പ്രസിദ്ധീകരിയ്ക്കുന്നു. അതു് തിരുത്താന്‍ മറ്റുള്ളവരെ അനുവദിയ്ക്കുന്നതുവഴി നിങ്ങളെത്തനെ നിയന്ത്രിയ്ക്കാനുള്ള സോഫ്റ്റ്‌വെയര്‍ കൂടുതല്‍ ശക്തവും വിശ്വസ്തവുമാകുന്നു. പിന്നീടു് ആ സോഫ്റ്റ്‌വെയര്‍ മാറ്റാന്‍ അനുവദിയ്ക്കാത്ത ഉപകരണങ്ങളിലായി അതു് നിങ്ങളുടെ പക്കല്‍ തന്നെ എത്തുന്നു.

ഈ സോഫ്റ്റ്‌വെയര്‍ ഓപ്പണ്‍ സോഴ്സായിരിയ്ക്കാം, ഓപ്പണ്‍ സോഴ്സിന്റെ നിര്‍മ്മാണ മാതൃകയാണു് അതുപയോഗിയ്ക്കുന്നതും. പക്ഷെ അതു് ശരിക്കും ഉപയോഗിയ്ക്കുന്നവര്‍ക്കു് സ്വതന്ത്ര്യം ലഭിയ്ക്കുന്നില്ല എന്നതുകൊണ്ടു് അതു് സ്വതന്ത്ര സോഫ്റ്റ്‌വെയറാകില്ല. ഓപ്പണ്‍ സോഴ്സ് നിര്‍മ്മാണ മാതൃക അതിനെ കൂടുതല്‍ ശക്തിയോടും വിശ്വസ്തതയോടും കൂടി നിങ്ങളെ നിയന്ത്രിയ്ക്കാന്‍ പ്രാപ്തമാക്കുന്നു എങ്കില്‍ അതു് ഏറ്റവും പരിതാപകരമാണു്.

സ്വാതന്ത്ര്യത്തോടുള്ള പേടി

“സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ” സന്മാര്‍ഗ്ഗികപരമായ കാര്യങ്ങള്‍ ചിലരുടെ സമാധാനംകെടുത്തുന്നു എന്നതാണു് ഓപ്പണ്‍ സോഴ്സ് കൂട്ടം, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തില്‍ നിന്നും വിട്ടു പോകാനുള്ള മുഖ്യകാരണം. അതുശരിയാണു്: സ്വാതന്ത്ര്യത്തെ കുറിച്ചും, സന്മാര്‍ഗ്ഗികതയേപറ്റിയും, ഉത്തരവാദിത്വത്തെ പറ്റിയും, സൌകര്യത്തെ പറ്റിയും ഒക്കെ പറയുമ്പോള്‍ അവര്‍ അവഗണിയ്ക്കാനാഗ്രഹിയ്ക്കുന്ന വിഷയങ്ങളിലേയ്ക്കും അതു് കടന്നേക്കാം-അവരുടെ നടപടികള്‍ സന്മാര്‍ഗ്ഗികമാണോയെന്നും മറ്റും. അതു് അസ്വസ്ഥതയുണ്ടാക്കാം, ചിലര്‍ ആ ഭാഗത്തേയ്ക്കു് എങ്ങും ചിന്തിയ്ക്കാന്‍തന്നെ തയ്യാറാവില്ല. അതുകൊണ്ടൊന്നും നമ്മള്‍ ഇതു് ചര്‍ച്ച ചെയ്യരുതെന്നില്ല.

എന്തായാലും “ഓപ്പണ്‍സോഴ്സിന്റെ” നേതാക്കള്‍ അങ്ങിനെയാണു് നിശ്ചയിച്ചതു്. സ്വാതന്ത്ര്യത്തെ പറ്റിയും സന്മാര്‍ഗ്ഗികതയേ പറ്റിയും ഒന്നും പറയാതെ, ചില സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ വളരെ അടുത്ത പ്രായോഗിക ഫലങ്ങളെ പറ്റി മാത്രം സംസാരിച്ചും, ചില ഉപയോക്താക്കള്‍ക്കു്, കൂടുതല്‍ ഫലപ്രദമായി സോഫ്റ്റ്‌വെയറുകള്‍ ‍ “വില്‍ക്കാം” എന്നവര്‍ ക​ണ്ടെത്തി; പ്രത്യേകിച്ചും വ്യവസായങ്ങള്‍ക്കു്.

അതിന്റേതായ കാരണങ്ങളില്‍ ആ സമീപനം ഫലപ്രദമാണു്. ഓപ്പണ്‍ സോഴ്സിന്റെ പ്രസംഗപാടവം പല വ്യവസായത്തേയും വ്യക്തികളേയും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിയ്ക്കാനും, കൂടാതെ നിര്‍മ്മിയ്ക്കാനും വരെ കാരണമായിട്ടുണ്ടു്. അതു് നമ്മുടെ സമൂഹത്തെ വലുത്താക്കിയിട്ടുണ്ടു് —പക്ഷെ അതു് ഉപരിപ്ലവവും പ്രായോഗികതലത്തില്‍ മാത്രമുള്ളതുമാണു്. ഓപ്പണ്‍ സോഴ്സിന്റെ പ്രായോഗിക മൂല്യങ്ങളില്‍ മാത്രം ഒതുങ്ങുന്ന തത്വശാസ്ത്രം, അതിനേക്കാള്‍ ആഴത്തിലുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ആശയം മനസ്സിലാക്കുന്നതു് തടയുന്നു. അതു് നമ്മുടെ സമൂഹത്തിലേയ്ക്കു് കുറേയേറെ പേരെ കൊണ്ടുവരുന്നു പക്ഷെ അവരെ പ്രതിരോധിയ്ക്കാന്‍ പഠിപ്പിയ്ക്കുന്നില്ല. അതു പോകുന്നിടത്തോളം നല്ലതാണു്. പക്ഷെ അതു് സ്വാതന്ത്ര്യം സുരക്ഷിതമാക്കാന്‍ പര്യാപ്തമല്ല. സ്വതന്ത്ര സോഫ്റ്റ്‌വെയറിലേയ്ക്കു് അള്‍ക്കാരെ ആകര്‍ഷിയ്ക്കുക എന്നതു്, അവരെ സ്വന്തം സ്വാതന്ത്ര്യത്തിന്റെ പോരാളിയാവുകയെന്നതിന്റെ പാതിവഴി വരെയേ ​എത്തിയ്ക്കുന്നുള്ളു.

താമസ്സിയാതെ, ഏതെങ്കിലും പ്രായോഗിക മെച്ചം കാര​ണം ഇതെ ഉപയോക്താക്കളെ, കുത്തക സോഫ്റ്റ്‌വെയര്‍ ഉപയോഗിയ്ക്കാനായി ക്ഷണിയ്ക്കപ്പെടാം. കണക്കില്ലാത്ത വ്യവസായങ്ങള്‍ അങ്ങനെ ഒരു പ്രലോഭനത്തിനു് സന്നദ്ധത പ്രകടിപ്പിയ്ക്കുന്നുണ്ടു്. ചിലര്‍ സൌജന്യ പകര്‍പ്പുകള്‍ തന്നെ വാഗ്ദാനം ചെയ്യുന്നു. ഉപയോക്താക്കള്‍ എന്തിനതു് വേണ്ടെന്നു വെയ്ക്കണം?സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ നല്കുന്ന സ്വാതന്ത്ര്യത്തെ മാനിയ്ക്കാന്‍ അവര്‍ പഠിച്ചെങ്കില്‍ മാത്രം, സാങ്കേതികമോ പ്രായോഗികമോ ആയ സൌകര്യങ്ങള്‍ക്കുപരി സ്വാതന്ത്ര്യത്തെ അതിന്റെ വിശാലമായ അര്‍ത്ഥത്തില്‍ തന്നെ മനസ്സിലാക്കുമ്പോള്‍ മാത്രം. ഈ ആശയം പ്രചരിപ്പിയ്ക്കാന്‍ നമ്മള്‍ സ്വതന്ത്ര്യത്തെ പറ്റി സംസാരിയ്ക്കണം. വ്യവസായങ്ങളോടു് ഒരു പരിധിവരെയുള്ള “ നിശബ്ദമായ ” സമീപനം, സമൂഹത്തിനു് നല്ലതാണു്. പക്ഷെ അതു് സ്വാതന്ത്ര്യത്തോടുള്ള സ്നേഹം കിറുക്കാണെന്നു തോന്നുന്ന രീതിയില്‍ വിപുലമാകുന്നതു് അപകടകരമാണു്.

ആ ആപത്ഘട്ടമാണു് നമ്മള്‍ക്കിപ്പോഴുള്ളതു്. സ്വതന്ത്ര സോഫ്റ്റ‌വെയറുപയോഗിയ്ക്കുന്ന കൂടുതല്‍ പേരും, പ്രത്യേകിച്ചു് വിതരണക്കാര്‍, സ്വാതന്ത്ര്യത്തേ കുറിച്ചു് ഒന്നും പറയാത്ത അവസ്ഥ — മിക്കുപ്പോഴും, “വ്യവസായങ്ങള്‍ക്കു് കൂടുതല്‍ സ്വീകാര്യമാവന്‍ ” വേണ്ടി. ഏതാ​ണ്ടു് എല്ലാ ഗ്നു/ലിനക്സ് വിതരണങ്ങളും, അടിസ്ഥാന സ്വതന്ത്ര സംവിധാനത്തിനു് പുറമെ കുത്തക സോഫ്റ്റ്‌വെയര്‍ ഘടകങ്ങളും ചേര്‍ക്കുന്നു. കൂടാതെ അതൊരു പ്രത്യേകതയായി കാണാനാണവര്‍ ഉപയോക്താക്കളോടു് പറയുന്നതു്, അല്ലാതെ ഒരു വീഴ്ചയായിട്ടല്ല.

ഈ കൂട്ടായ്മയില്‍ അധികവും സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യത്തിനായി നിലകൊള്ളാഞ്ഞതുകൊണ്ടു്, സോഫ്റ്റ്‌വെയറുകളുടെ കുത്തക അനുബന്ധങ്ങളും ഭാഗികമമായി സ്വതന്ത്രമല്ലാത്തതുമായ ഗ്നു/ ലിനക്സ് വിതരണങ്ങള്‍ അവിടെ നല്ല വിളനിലം കണ്ടു. ഇതു് യാദൃശ്ചികമല്ല. കൂടുതല്‍ ഗ്നു/ലിനക്സ് ഉപയോക്താക്കളുടേയും മുമ്പില്‍ അവതരിപ്പിയ്ക്കപ്പെട്ടതു് സ്വാതന്ത്ര്യം ഒരു ലക്ഷ്യമായി കല്പിയ്ക്കാത്ത “ ഓപ്പണ്‍ സോഴ്സ് ” ചര്‍ച്ചകളാണു്. സ്വാതന്ത്ര്യത്തെ ഉയര്‍ത്തിപ്പിടിയ്ക്കാത്ത ചെയ്തികളും സ്വാതന്ത്ര്യത്തെ പറ്റി സംസാരിയ്ക്കാത്ത വാക്കുകളും പരസ്പരപൂരകങ്ങളായി അന്യോന്യം സഹായിച്ചു. ഈ പ്രവണതയെ മറികടക്കാന്‍ സ്വാതന്ത്ര്യത്തെ കുറിച്ചു് കുറവല്ല കൂടുതല്‍ ചര്‍ച്ചകളാണു് നമുക്കാവശ്യം

പരിസമാപ്തി

ഓപ്പണ്‍ സോഴ്സ് പ്രവര്‍ത്തകര്‍ നമ്മുടെ കൂട്ടായ്മയിലേയ്ക്കു് കൂടുതല്‍ പുതിയ ഉപയോക്താക്കളെ കൊണ്ടുവരുമ്പോള്‍, നമ്മള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകര്‍ സ്വാതന്ത്ര്യം എന്ന വിഷയം പുതിയവരുടെ ശ്രദ്ധയില്‍ പെടുത്തുന്ന ചുമതല ഏറ്റെടുക്കണം. “ഇതു് സ്വതന്ത്ര സോഫ്റ്റ്‌വെയറാണു് ഇതു് നിങ്ങള്‍ക്കു് സ്വാതന്ത്ര്യം നല്‍കുന്നു! ” എന്നു് എന്നത്തേക്കാളും ഉച്ചത്തില്‍ നാം പറയ​ണം. “ഓപ്പണ്‍ സോഴ്സ് ” എന്നതിനു പകരം “സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ” എന്നു പറയുന്ന ഓരോ പ്രാവശ്യവും നിങ്ങള്‍ നമ്മുടെ സമരത്തെ സഹായിക്കുന്നു.

അടിക്കുറിപ്പു്

ലഘാനി (Lakhani)-യുടേയും വൂള്‍ഫ്(Wolf)-ന്റെയും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നിര്‍മ്മാതാക്കളുടെ പ്രജോദനത്തെ പറ്റിയുള്ള പ്രബന്ധം പറയുന്നതു് ഗണ്യമായ ഒരു വിഭാഗം സോഫ്റ്റ്‌വെയര്‍ എഴുത്തുകാര്‍ സോഫ്റ്റ്‌വെയര്‍ സ്വതന്ത്രമായിരിയ്ക്കണമെന്ന ആശയത്തില്‍ നിന്നു് പ്രചോദനമുള്‍കൊണ്ടവരാണു് എന്നാണു്, അതും അവര്‍ നിരീക്ഷിച്ചതു്, നൈതികമായ കാഴ്ചപ്പാടിനെ പിന്‍താങ്ങാത്ത സോഴ്സ്ഫോര്‍ജ് എന്ന സൈറ്റിലെ പ്രവര്‍ത്തകരേയാണുതാനും.

[എഫ്.എസ്.എഫ് ലോഗോ]“കംപ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാനും, പഠിക്കാനും, പകര്‍ത്താനും, മാറ്റം വരുത്താനും, വിതരണം ചെയ്യാനുമുള്ള സ്വാതന്ത്ര്യം സംരക്ഷിക്കാനും നിലനിര്‍ത്താനും പ്രോത്സാഹിപ്പിക്കാനും പിന്നെ, സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഉപയോക്താക്കളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതാനുമാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.”

സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രസ്ഥാനമാണ് ഗ്നു ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ മുഖ്യ സംഘാടകര്‍. മാനുവലുകളും ഉപകരണങ്ങളും വാങ്ങിയോ, എഫ്.എസ്.എഫില്‍ ചെര്‍ന്നുകൊണ്ടോ അല്ലെങ്കില്‍ നേരിട്ട് എഫ്.എസ്.എഫിലൂടെയോ ഫ്ലാറ്ററിലൂടെയോ സംഭാവന ചെയ്തുകൊണ്ടോ ഗ്നുവിനെയും എഫ്.എസ്.എഫിനെയും പിന്തുണക്കു.

മുകളിലേയ്ക്കു്